ഏഷ്യയുടെ തെക്ക് കിഴക്കൻ ഭാഗത്ത് ഇന്ത്യൻ മഹാ സമുദ്രത്തിനും പസഫിക് സമുദ്രത്തിനുമിടയിലായി സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ ഇസ്‌ലാമിക സാംസ്കാരികതയുടെ കളിത്തൊട്ടിലാണ്. മദ്ധേഷ്യൻ ഭാഗത്ത് നിന്നും ഏറെ വിത്യസ്തമായ ഭൂപ്രകൃതിയും ജീവിത രീതിയുമുള്ള ഈ രാജ്യം ലോകത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യമായി മാറിയതിനു പിന്നിൽ വ്യക്തമായ ചരിത്ര പിന്തുണയും കാരണങ്ങളുമുണ്ട്. ഇന്തോനേഷ്യയിലെ 231 മില്യൺ വരുന്ന മുസ്‌ലിങ്ങൾ ഏകദേശം ലോക മുസ്‌ലിങ്ങളുടെ 13 ശതമാനത്തോളം വരും.ഇത് ഇന്തോനേഷ്യൻ ജനസംഖ്യയുടെ 87 ശതമാനമാണ്. മധ്യേഷയിലെ ഇസ്‌ലാമിക സംസ്കാരത്തിൽ നിന്നും ഭിന്നമായി പാരമ്പര്യ സുന്നി സരണി പിന്തുടരുന്നവരാണ് ഇന്തോനേഷ്യൻ മുസ്‌ലിങ്ങളിൽ ഭൂരിപക്ഷവും.അതുകൊണ്ട് തന്നെ ഈ രാഷ്ട്രത്തിൻ്റെ പരാമ്പര്യങ്ങൾക്ക് ക്ഷതമേൽപ്പിക്കും വിധം രാഷ്ട്രത്തിൻ്റെ ഭരണഘടനയിൽ മാറ്റം വരുത്താനോ ഇസ്‌ലാമിക മത രാഷ്ട്രമാക്കി മാറ്റാനോ രാഷ്ട്രത്തിൻ്റെ ഭരണാധികാരികൾ തയ്യാറായിരുന്നില്ല.അത്തരം തീവ്ര ചിന്താഗതിക്കരോട് മുഖം തിരിക്കുന്ന രീതിയിൽ ആയിരുന്നു അവിടുത്തെ ജനതയുടെ പ്രതികരണം.
ഇസ്‌ലാമിക പ്രബോധനത്തിന് ഇന്ത്യക്ക് സമാനമായി അറേബ്യൻ കച്ചവട സംഘമാണ് ഇന്തോനേഷ്യയിലും നേതൃത്വം നൽകിയത്. അതുകൊണ്ട് തന്നെ വ്യപ്യാര പാതകളോട് ചേർന്ന പ്രദേശങ്ങളിൽ ഇസ്‌ലാമിൻ്റെ കൃത്യമായ സ്വാധീനം കാണാൻ സാധിക്കും. ക്രി.ഒന്ന്,രണ്ട് നൂറ്റാണ്ടുകളിൽ ഇന്തോനേഷ്യയിൽ എത്തിയ ഹിന്ദു മത വിഭാഗം എട്ടാം നൂറ്റാണ്ട് ആയപ്പോഴേക്കും വളർന്നു അവിടുത്തെ പ്രധാന മതമായി മാറിയിരുന്നു.ഇതേ സമയത്ത് തന്നെ ഇവിടെയെത്തിയ ബുദ്ധ മതത്തിന് പ്രബോധന മേഖലയിൽ കാര്യമായ പുരോഗതി കൈവരിക്കാൻ സാധിച്ചിരുന്നില്ല.ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും ഖലീഫ ഉസ്മാൻ (റ) കാലത്ത് കച്ചവട ആവശ്യാർത്ഥം ഇവിടെയെത്തിയ അറേബ്യൻ കച്ചവടക്കാരിൽ നിന്നുമാണ് ഇസ്‌ലാം എത്തിയതെന്ന് പറയപ്പെടുന്നു.ഗുജറാത്ത് സ്വദേശിയായ മാലിക് ഇബ്രാഹീം വഴിയാണ് ഇസ്‌ലാം പ്രചരിച്ചതെന്നാണ് മറ്റൊരു ഭാഷ്യം. എന്നിരുന്നാലും സമുദ്ര പെസായിലെ ഹിന്ദു മതവിശ്വാസിയായിരുന്ന ഭരണാധികാരി ഇസ്‌ലാം സ്വീകരിച്ചു സ്ഥാപിച്ച സമുദ്ര പെസായി ഭരണകൂടമാണ് ഇന്തോനേഷ്യയിലെ ആദ്യ ഇസ്‌ലാമിക ഭരണകൂടം.സമ്പൽ സമൃദ്ധമായ ഇന്തോനേഷ്യൻ സമ്പത്ത് വ്യവസ്ഥയെ ചൂഷണം ചെയ്യാനും മറ്റു പല ആവശ്യങ്ങൾക്കും വിദേശാധിപത്യം ഈ രാഷ്ട്രത്തെ വരിഞ്ഞു മുറുക്കിയിരുന്നു. പോർച്ചുഗീസുകാരും 1550 കൾക്ക് ശേഷം സ്പെയിനും പിന്നീട് ഡച്ചും ഇവിടെ ആധിപത്യം നടത്തിയിരുന്നു. വൈദേഷിക ആധിപത്യത്തിന് എതിരെ ശക്തമായി നിലകൊണ്ടെങ്കിലും ഇന്തോനേഷ്യൻ ജനതയെ അപ്പോഴേക്കും കമ്മ്യൂണിസ്റ്റ് ചിന്താഗതി പിടികൂടിയിരുന്നു.
ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡൻ്റ് അഹ്മദ് സുകർണോ കമ്മ്യൂണിസ്റ്റ് ചിന്തയുടെ ബലിയാടായിരുന്നു. വൈദേശിക അധിനിവേശത്തിന് ശേഷം രാഷ്ട്രീയ അക്രമണ- പ്രത്യാക്രമണ സാഹചര്യങ്ങളിലൂടെ കടന്ന് പോയ ഇന്തോനേഷ്യ ലോകത്തെ ഏറ്റവും മികച്ച രാഷ്ട്രങ്ങളുടെ കൂട്ടത്തിലാണ്.സൗത്ത് ഏഷ്യൻ രാഷ്ട്രങ്ങളിൽ ഏറ്റവും സമ്പന്നമായ ഇന്തോനേഷ്യ നിലവിലെ സാമ്പത്തിക മാർക്കറ്റുകളിൽ ഏറ്റവും വലിയ നേട്ടം കൈവരിക്കുന്ന രാഷ്ട്രം കൂടിയാണ്. ജി.20 രാഷ്ട്രങ്ങളുടെ മുൻ അധ്യക്ഷ രാഷ്ട്രം കൂടിയായിരുന്നു ഇന്തോനേഷ്യ പുതിയ വ്യാവസായിക രാഷ്ട്രങ്ങളുടെ കൂട്ടത്തിലാണ്.ജനാധിപത്യത്തിൻ്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രമാണ് ഇന്തോനേഷ്യ.വർഷ വർഷങ്ങളിൽ രാഷ്ട്രത്തിൻ്റെ ദാരിദ്ര നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി പദ്ധതികളാണ് രാഷ്ട്രം നടപ്പാക്കി കൊണ്ടിരിക്കുന്നത്.മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യ ഒരു മതേതര രാഷ്ട്രം കൂടിയാണ്.വൈദേശിക ശക്തികളിൽ നിന്നും മോചിതമായ ഈ രാഷ്ട്രം ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും വാക്താക്കൾ ആണെന്ന പോലെ ഇസ്ലാമിക സംസ്കാരത്തിൻ്റെ കളിത്തൊട്ടിൽ കൂടിയാണ്.
മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ഏക ഹിന്ദു ഭൂരിപക്ഷ ദ്വീപ് പ്രദേശമാണ് ബാലി.എസ്. കെ പൊറ്റക്കാടിന്റെ ബാലിയെ കുറിച്ചുള്ള ഓർമകളിൽ കേരളത്തിന് സമാനമായി വിശദീകരിക്കുന്നത് കാണാം. ഭാഷ ഒഴികെയുള്ള വിഷയങ്ങളിൽ കേരളവുമായി സാദൃശ്യമുള്ള ഈ ദ്വീപ് നൽകുന്ന കാഴ്ചകൾ കണ്ണിനു കുളിർമയേകുന്നതാണ്.13 നൂറ്റാണ്ട് മുതൽക്ക് ബാലിയുമായി ഇസ്‌ലാമിൻ്റെ സമ്പർക്കം കാണാം. കച്ചവട ആവശ്യങ്ങൾക്കോ മറ്റു ഡോക്ടർ, ബാലനീസ് രാജാക്കന്മാരുടെ സൈനിക ഉദ്യോഗം തുടങ്ങിയ ജോലി ആവശ്യാർത്ഥം കുടിയേറ്റം നടത്തിയതാണവർ.മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രം ആയിരുന്നിട്ടും ഹിന്ദു ഭൂരിപക്ഷ മേഖലയായ ഈ ദ്വീപിനെ ആക്രമിക്കാനോ കീഴടക്കാനോ മുസ്‌ലിം ഭരണാധികാരികൾ തയ്യാറായില്ല.ബാലിയിലെ ഈ സമാധാന അന്തരീക്ഷം തകർക്കാൻ 2002,2005 വർഷങ്ങളിൽ റാഡിക്കൽ വിഭാഗം നടത്തിയ അക്രമങ്ങൾക്ക് പോലും സാധിച്ചിരുന്നില്ല.ബാലിയിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം സമൂഹം ക്ലുങ്കുങ് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗെഗലിലാണ് കാണപ്പെടുന്നത്. 14 നൂറ്റാണ്ടിലെ മജാപഹിതിന്റെ കാലം മുതൽ ഇവിടെ ജീവിക്കുന്നവർ ആണെന്ന് പറയപ്പെടുന്നു.എന്നാൽ പിന്നീട് അപ്രത്യക്ഷമായ ഈ സമുദായത്തിൻ്റെ സ്ഥാനത്തേക്ക് പിന്നീട് കടന്ന് വന്നത് ബുഗിനിസ് മുസ്‌ലിംങ്ങൾ ആയിരുന്നു.ബാലിയിലെക്ക് കുടിയേറിയ ബുഗിനിസ് മുസ്‌ലിംങ്ങൾ അവിടുത്തെ രാജാവിൻ്റെ സേവകരായി കഴിഞ്ഞുകൂടുകയായിരുന്നു. ബാലിയിലെ മറ്റൊരു പ്രധാന മുസ്‌ലിം വിഭാഗമാണ് ഹള്റമികൾ.
1870 ഡച്ച് അധിനിവേശ കാലത്ത് ബാലിയിലേക്ക് കുടിയേറിയ നാന്നൂറോളം വരുന്ന അറബികളാണ് ഹള്റമികൾ.അവരിൽ കൂടുതൽ പേരും ബാലിയിൽ നിന്നും ഇസ്‌ലാം സ്വീകരിച്ച സ്ത്രീകളെ വിവാഹം കഴിച്ച് അവിടെ സ്ഥിര താമസമാക്കി.20 നൂറ്റാണ്ടിൽ ഡച്ച് അധിനിവേശത്തിന് ശേഷം ബാലിയിലെ മുസ്‌ലിംങ്ങൾ അവരുടെ പുത്രന്മാരെ ഇസ്‌ലാം പഠിക്കാൻ മക്കയിലേക്കും മറ്റു മുസ്‌ലിം രാഷ്ട്രങ്ങളിലും പറഞ്ഞയച്ചു.ഖുർആൻ പണ്ഡിതരായും ഇസ്‌ലാമിക പ്രബോധകരായും മാറിയ അവർ ബാലിയിലെ ഇസ്‌ലാമിക പ്രബോധനത്തിന് നേതൃത്വം നൽകുന്നു.ബാലിയിലെ രാജാക്കന്മാരുടെ പ്രജകളായിരുന്ന മുസ്‌ലിംങ്ങൾ. അടിസ്ഥാനപരമായി സാമുദായിക വേർതിരിവ് ബാലിയിൽ ഉണ്ടെങ്കിലും പഴയ സഹിഷ്ണുത നിലനിൽക്കുന്നുണ്ട്.എണ്ണമറ്റ ആവാന്തര വിഭാഗങ്ങൾ ഉള്ള ഇസ്‌ലാമിക രാഷ്ട്രങ്ങൾക്ക് സമാനമായി സുന്നി,ശിയ, അഹ്മദിയ്യാ വിഭാഗങ്ങൾ ഇന്തോനേഷ്യയിൽ സജീവമാണ്.ന്യൂനപക്ഷമായ ഷിയ, അഹ്മദിയ്യ വിഭാഗങ്ങൾക്ക് പുറമെ കമ്മ്യൂണിസം കൂടി ഈ രാഷ്ട്രത്തെ സുന്നികൾക്ക് കടുത്ത വെല്ലുവിളിയാണ്.അരിവാൾ ചുറ്റിക നക്ഷത്രം ഖബറുകൾക്ക് മുകളിൽ വെക്കുന്നതിൽ യാതൊരു പ്രയാസവും ഇല്ലാത്ത രീതിയിലാണ് കമ്മ്യൂണിസത്തെ ചെറിയൊരു ശതമാനമെങ്കിലും ഏറ്റെടുത്തത്.
വിത്യസ്ത കർമ്മ ശാസ്ത്ര സരണികളുള്ള ഇന്തോനേഷ്യയിൽ ശാഫിഈ കർമ്മ ശാസ്ത്ര സരണി പിന്തുടരുന്നവരാണ് ഭൂരിഭാഗവും. കാലാന്തരങ്ങൾ സഞ്ചരിച്ച് ഇന്തോനേഷ്യയുടെ മണ്ണും മനസ്സും ഇന്നും ഇതേ ആശയങ്ങൾക്കൊപ്പം തന്നെയാണ്. രാഷ്ട്ര നിർമിതിയിൽ ഈ രാഷ്ട്രം നേടിയെടുത്ത ഉന്നമനങ്ങൾ ആ രാഷ്ട്രത്തിൻ്റെ പ്രൗഢിയും പാരമ്പര്യവും സ്നേഹവും ജാതി മത ഭേദമന്യേയുള്ള സൗഹാർതത്തെയും വിളിച്ചോതുന്നതാണ്.
മുഹമ്മദ് ശഹനാദ് പടിക്കൽ

COMMENTS